Kerala
മഞ്ചേരി: എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കി. മഞ്ചേരി പുല്‍പ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദീന്റെ മകന് മുഹമ്മദ് ഷംസാന് (15) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12.45നാണ് സംഭവം. പൂക്കൊളത്തൂര്‍ സിഎച്ച്എംഎച്ച്എസ് സ്കൂള്‍ വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച പരീക്ഷാ ഫലം വന്നപ്പോള്‍ രണ്ടു വിഷയങ്ങളില്‍ എ പ്ലസ് നേടിയ മുഹമ്മദ് ഷംസാന് ഒരു വിഷയത്തില്‍ എയും രണ്ടു വിഷയങ്ങളില്‍ ബി പ്ലസും ഒരു വിഷയത്തില്‍ സി പ്ലസും മൂന്ന് വിഷയത്തില്‍ സിയും ലഭിച്ചു. എന്നാല്‍ കെമിസ്ട്രിയില്‍ ഡി മാത്രമാണ് ലഭിച്ചത്.
പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ബാർഗി ഡാമിന് സമീപം നർമ്മദാ നദിയിൽ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയും നാല് വയസുകാരനായ മകനും മരിച്ചു.
വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു അമ്മയുടെ മൃതദേഹം രക്ഷപ്രവർത്തകർ കണ്ടെത്തിയത്.
ഡൽഹിയിൽ നിന്നുള്ള നാലംഗ വിനോദസഞ്ചാര സംഘത്തിലെ അംഗങ്ങളാണ് ഇവർ. അപകടത്തിൽപ്പെട്ട പിതാവും മകളും രക്ഷപ്പെട്ടു. ഇതുവരെ ആറ് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിത്.
പെട്ടന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവും കാറ്റുമാണ് ബോട്ട് നിയന്ത്രണം വിട്ട് മറിയാൻ കാരണമായത്. നിമിഷങ്ങൾക്കുള്ളിൽ ബോട്ട് വെള്ളത്തിനടിയിലായി.
നിലവിൽ 24 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരച്ചിൽ തുടരുകയാണ്.
District News
ചേലക്കര: പുലാക്കോട് സ്വദേശിയായ യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പുലാക്കോട് പുളിക്കൽ വീട്ടിൽ അലിയുടെ മകൻ അൻസാർ(27) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഉടൻ തന്നെ ചേലക്കര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൻസാറിന്റെ ബന്ധുവായ മുഹമ്മദ് ഷെഫീഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേലക്കര പോലീസ് കേസെടുത്തു.
National
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. ധർമ്മപുരി സ്വദേശികളായ വീരമണി (25), പ്രദീപ് (25), മാരി (24) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന സതീഷ് കുമാറിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹൊസൂരിന് സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാല് പേരും ബംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിൽ വേട്ട് രേഖപ്പെടുത്താൻ നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
യുവാക്കൾ സഞ്ചരിച്ച കാർ ഉദുമൽപേട്ടിൽ നിന്ന് ഹൊസൂരിലേക്ക് പോവുകയായിരുന്ന ബസിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന ആറാം പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ്കുമാറിനെയാണ്(54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 17-നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി ഇയാൾക്കു നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. ഇരയുടെ ബന്ധുക്കൾക്കു പറയാനുള്ളതു കേൾക്കാതെയാണ് വിചാരണക്കോടതി ജാമ്യം നൽകിയതെന്ന ആക്ഷേപം ഉയർന്നതിനെതുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
കേസിൽ ആകെ ഒന്‍പതു പ്രതികളുണ്ട്. ഒരുമാസംമുന്‍പ് അന്വേഷണസംഘത്തിന്റെ അപേക്ഷയിൽ ഹൈക്കോടതി മറ്റു എട്ടു പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഇവർ റിമാൻഡിലാണ്. കഴിഞ്ഞദിവസം മണ്ണാർക്കാട് സ്പെഷൽ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കു മാറ്റിയിരുന്നു. കൊല്ലപ്പെട്ട രാം നാരായൺ ഭാഗേലിന്റെ ഭാര്യയെ അന്നു ഹാജരാക്കാനും മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ഉത്തരവിട്ടിട്ടുണ്ട്.
Out of Range
ഓഫീസ് സെക്രട്ടറി മുറിയിലേക്കു കയറി വന്നു. “ശേഖർജി രണ്ടു പേർ കാണാൻവന്നു നിൽക്കുന്നു”. എഞ്ചുവടി താഴെ വച്ചിട്ട് ശേഖർജി മുഖമുയർത്തി. “ആരാണ്, എന്തിനാണ് വന്നതെന്നു ചോദിച്ചില്ലേ ?”.
“ഏതോ കമ്മീഷനിൽ നിന്നുള്ളവരാ. അവർക്കു നമ്മുടെ പാർട്ടീടെ സീൽ ഒന്നു വേണമെന്ന്.’’
“സീലോ? അതിപ്പോൾ തരാൻ പറ്റിയ അവസ്ഥയിൽ അല്ലെന്നു പറ. നമ്മുടെ സീൽ ഫ്ളവർവെയ്സിനു പകരം മറ വച്ചിരിക്കുവാ. അത് അവിടെനിന്നു മാറ്റിയാൽ കുഴപ്പമാകും.’’
“സാറേ, ബംഗളൂരുവിലെ ബംഗ്ലാവ് മറച്ചുവച്ചെന്ന് ഇപ്പോൾത്തന്നെ നാട്ടുകാർ അടക്കം പറയുന്നുണ്ട്.”
“ഇതു ബംഗ്ലാവ് മറയ്ക്കാൻ അല്ലെടോ. കാഴ്ചബംഗ്ലാവ് മറയ്ക്കാനാ. പിള്ളേരു പേടിക്കാൻ സാധ്യതയുണ്ടെന്നല്ലേ ചില ‘കുട്ടി’കൾ പറയുന്നത്. അറിയാമല്ലോ, കുട്ടികൾ പേടിച്ച് മേശപ്പുറത്തു കയറിയാൽ പിന്നെ താഴെയിറക്കാൻ വലിയ പാടാ. സീൽ തരാനില്ല, ഡീൽ മതിയോയെന്ന് അവരോടു ചോദിക്ക്. അതാണെങ്കിൽ എത്ര വേണമെങ്കിലും അറേഞ്ച് ചെയ്യാം.’’
സെക്രട്ടറി പുറത്തേക്കു നടന്നു. അല്പം കഴിഞ്ഞപ്പോൾ വീണ്ടും തിരിച്ചെത്തി. “ഡീൽ അവർക്കും ആവശ്യത്തിൽ കൂടുതൽ സ്റ്റോക്ക് ഉണ്ടെന്നാ പറഞ്ഞത്. സീൽ വച്ചില്ലെങ്കിൽ മൊത്തം സീൻ ആകുമത്രേ.”
“എന്നാൽ, ഒരു രണ്ടു ദിവസം ക്ഷമിക്കാൻ പറ. എല്ലാ ആപ്പീസിലും ഫ്ളവർവെയ്സ് വാങ്ങി വയ്ക്കാൻ പറഞ്ഞിട്ടുണ്ട്. എ പ്ലസ് മണ്ഡലങ്ങളിൽ മൂന്നോ നാലോ എണ്ണം വാങ്ങണം. എപ്പോഴാണ് പൂക്കാലം കാറും പിടിച്ചുവരുന്നതെന്നു പറയാൻ പറ്റില്ലല്ലോ. എന്തായാലും സീൽ ചോദിച്ചുവന്നവർക്കും ഒരു അഞ്ഞൂറു രൂപ കൊടുത്തേക്ക്. പെട്രോൾ അടിക്കട്ടെ.”
അതേസമയം ഒരു എ പ്ലസ് മണ്ഡലത്തിൽ:
“ഫ്ഭാ, ചെറ്റേ, പരനാറി, കുലംകുത്തി, നികൃഷ്ടജീവി...’’
“ഇതാരാടോ അതിരാവിലെ പെരുവഴിയിൽനിന്ന് അസഭ്യം പറയുന്നത്..?”
“അസഭ്യമല്ല ചേട്ടാ. ഇതു നമ്മുടെ സ്ഥാനാർഥിക്കു വേണ്ടിയുള്ള നേതാവിന്റെ പരസ്യപ്രചരണമാ.”
“ഇങ്ങനെയൊക്കെ രഹസ്യമായി പോലും പറയാമോയെന്നു പുള്ളിയോട് ആർക്കെങ്കിലും ചോദിച്ചുകൂടേ?”
“ആ അങ്ങനെ ചോദിച്ച ഒരു ദാസനിപ്പോൾ വീട്ടിൽ പോയിരുന്നു മര്യാദ എന്ന വാക്ക് എന്പോസിഷൻ എഴുതി പഠിച്ചുകൊണ്ടിരിക്കുവാ.”
“ഓഹോ, അപ്പോൾ ചോദ്യത്തിനേ മര്യാദ വേണ്ടൂ, ഉത്തരത്തിന് അതു തീരെ വേണ്ടാല്ലേ. ഈ കാരണഭൂതന്മാരെ മര്യാദ പഠിപ്പിക്കാൻ ഇവിടെ ഒരു ഭൂതവുമില്ലേ ?”
മറ്റാരുണ്ട്, മൈക്ക് അല്ലാതെ!
ഇതിനിടെ, മറ്റൊരു വേദിയിൽ:
“മണ്ഡലം കണ്‍വീനർ എന്തിയേ പ്രസംഗത്തിനു സമയമായല്ലോ.”
“പുള്ളി ഏതോ പുസ്തകമൊക്കെ വായിച്ചു പഠിച്ചുകൊണ്ടിരിക്കുവാ.”
“എടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രകടനപത്രികയും പത്രവുമൊക്കെ വായിച്ചിട്ടല്ലേ പ്രസംഗിക്കാൻ വരേണ്ടത്”
“എതിർസ്ഥാനാർഥി വനിത അല്ലേ. അതിന് അനുസരിച്ചുള്ള തയാറെടുപ്പാ. ഈ ഒറ്റ പ്രസംഗംകൊണ്ട് സകലവോട്ടും ഇപ്പുറത്തേക്കു മറിയുമെന്നാ നേതാവ് പറയുന്നത്.”
“ഓഹോ, ആളു കൊള്ളാമല്ലോ. പരന്ന വായനയും അറിവുമുള്ളവർ രാഷ്ട്രീയത്തിൽത്തന്നെ കുറഞ്ഞുവരുന്ന കാലമാ. അതിനിടയിൽ പുസ്തകമൊക്കെ വായിച്ചു പ്രസംഗത്തിനു തയാറെടുക്കുക എന്നു പറഞ്ഞാൽ വലിയ കാര്യംതന്നെ. ആട്ടെ, പുള്ളി ഏതു ഗ്രന്ഥമാ വായിച്ചു തയാറെടുത്തുകൊണ്ടിരിക്കുന്നത്?”
“മുത്തുച്ചിപ്പി എന്നാ കവറിൽ കണ്ടത്!”
“ഈശ്വരാ, വേഗം ചെന്നു നേതാവിനെ വേദിയിൽനിന്നു പിടിച്ചിറക്കെടോ. അല്ലെങ്കിൽ എല്ലാം കായംകുളമാക്കും. എ പ്ലസ് മണ്ഡലം എന്നു പറഞ്ഞപ്പോൾ പുള്ളി വിചാരിച്ചിരിക്കുന്ന “എ’ വേറെയാണെന്നു തോന്നുന്നു!’’
മിസ്ഡ് കോൾ
ചെന്നിത്തല മുഖ്യമന്ത്രിയെന്നു പി.ജെ. കുര്യനും സുധാകരനും. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു ശശി തരൂർ.
വാർത്ത
പഴശിയുടെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ!
National
കോൽക്കത്ത: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടുമുന്‍പ്. റുബീന പർവിൻ എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംസ്കാര ചടങ്ങുകൾക്കായി തയാറെടുക്കുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരമാണ് റുബീനയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വരൂപ്നഗറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ റുബീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തിന് തൊട്ടുപിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് നഴ്സിംഗ് ഹോം അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു.
400 രൂപ കൈപ്പറ്റിയ ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. കുഞ്ഞിന്റെ മുഖം പോലും പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കൊട്ടിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹമെന്ന് കരുതി വീട്ടിലെത്തിച്ച് അഞ്ച് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി കുഞ്ഞിനെ പൊതിയഴിച്ച് പുറത്തെടുത്തപ്പോഴാണ് ജീവനോടെ കണ്ടത്. കുഞ്ഞ് കൈകളും കാലുകളും അനക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുരക്ഷിതരായി ചികിത്സയിൽ തുടരുന്നു. നഴ്സിംഗ് ഹോം അധികൃതർക്കെതിരെ കുഞ്ഞിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടു.
എന്നാൽ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും നഴ്സിംഗ് ഹോം അധികൃതർ അറിയിച്ചു.
International
നെയ്റോബി: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കെനിയയിൽ 62 പേർ മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട മരണസംഖ്യ 42 ആയിരുന്നു.
സമീപകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള പ്രളയക്കെടുതിയാണ് നിലവിൽ കെനിയ അഭിമൂഖീകരിക്കുന്നത്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. മിക്ക റോഡുകളും വെള്ളത്തിനിടയിലാണ്. പലയിടത്തും വൈദ്യുതി-ജലവിതരണം പൂർണമായി തടസപ്പെട്ട നിലയിലാണ്.
പ്രളയക്കെടുതിയിൽ ഏറ്റവുമധികം പേർ മരണപ്പെട്ടത് രാജ്യതലസ്ഥാനമായ നെയ്റോബിയിലാണ്. 33 പേരാണ് നെയ്റോബിയിൽ മാത്രം മരണപ്പെട്ടത്.
International
റിയാദ്: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൗമാരക്കാരനായ ഏക മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി.
12ാം ക്ലാസ് വിദ്യാർഥിയാണ് മകൻ. സംഭവം സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിക്കുന്നത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ് (15) ആണ് മരിച്ചത്. പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഭാര്യ ശ്രീദേവി ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്.
District News
രാമങ്കരി: പ്ലസ് വൺ വിദ്യാർഥി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടു. ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി കിടങ്ങറ ബസാർ കുന്നന്തറ കൃഷ്ണകുമാറിന്റെ മകൻ രാധേയൻ (17) ആണ് കഴിഞ്ഞദിവസം പുലർച്ചെ ഒന്നോടെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്.സംസ്കാരം വീട്ടുവളപ്പിൽ നടത്തി. അമ്മ അന്പിളി. സഹോദരങ്ങൾ കണ്ണൻ, കൃഷ്ണപ്രിയ.
Kerala
കൊച്ചി: തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ(16)യുടെ മരണത്തിൽ ദുരൂഹത.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ ബാഗിലുണ്ടായിരുന്ന നോട്ട്ബുക്കിൽ നിന്നും ഇംഗ്ലീഷിൽ എഴുതിയ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കുറിപ്പിലുണ്ട്.
ഒരാഴ്ച മുൻപാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന പിതാവിനെയും മാതാവിനെയും ഓർത്ത് വിഷമമുണ്ടെന്നും എന്നാൽ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കുട്ടിയുടെ ഫോൺ പരിശോധിക്കണം. ഫോൺ ലോക്ക് ചെയ്ത നിലയിലാണ്. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആദിത്യ. മൃതദേഹം സംസ്കരിച്ചു.
Kerala
പുനലൂർ: കെവിൻ വധക്കേസിൽ കോടതി വെറുതെവിട്ട യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ.ഷിനുമോൻ (29) ആണ് മരിച്ചത്. ഇയാൾ താമസിക്കുന്ന ഫ്ലാറ്റിനു പിൻഭാഗത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ പലയിടത്തും മുറിവേറ്റിട്ടുണ്ട്. ഫ്ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിൽ നിന്ന് വീണതാവാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഫ്ലാറ്റിനു മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടേതെന്നു കരുതുന്ന മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏറെ കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിൽ ഷിനുമോൻ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ നെല്ലിക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്.
ഉത്സവത്തിന് എത്തിയ ആന ലോറിയിൽ നിന്ന് ഇറക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആനയുടെ പോസ്റ്റുമോർട്ടം ഇന്ന് പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള സ്ഥലത്ത് നടക്കും.
മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഒരു പാട്ടിലും ഏതാനും രംഗങ്ങളിലും നെല്ലിക്കോട്ട് മഹാദേവൻ ഉണ്ടായിരുന്നു.
Kerala
കണ്ണൂർ: കൊട്ടിയൂരിൽ സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ കൊട്ടിയൂർ പോലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച്ച ഉച്ചയ്ക്കാണ് ഭാര്യ വീട്ടിൽ വച്ച് രാജേന്ദ്രൻ സ്വയം കുത്തി പരിക്കേൽപ്പിക്കുന്നതും വനത്തിലേക്ക് ഓടി മറയുന്നതും. പിന്നാലെ വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്ത പരിശോധന.
വനത്തിനകത്ത് ഒന്നരകിലോമീറ്റർ മാറിയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭാര്യ വീട്ടിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച രാജേന്ദ്രൻ വീടിനകത്ത് തൂങ്ങിമരിക്കാനുളള ശ്രമം നടത്തി.
ഇത് തടയാൻ ശ്രമിക്കവെയാണ് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുന്നതും കൊട്ടിയൂർ റിസർവ് വനത്തിനകത്തേക് ഓടിയതും. ഡ്രോണും ഡോഗ് സ്ക്വാഡും ഉപയോഗിച്ചുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
District News
പുതുപ്പാടി: വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിവാരത്ത് താമസിക്കുന്ന കിനാലൂർ നെക്കോത്ത് അസൈനാറിനെയാ (65) ണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ അടിവാരം അങ്ങാടിക്ക് സമീപമുള്ള തോട്ടിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഏറെക്കാലമായി ഇദ്ദേഹം അടിവാരത്ത് കടവരാന്തയിലാണ് താമസം. മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
District News
വടക്കാഞ്ചേരി: കായികതാരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.എങ്കക്കാട് ഫോറസ്റ്റ് സ്റ്റേഷനു സമീപം താമസിക്കുന്ന കളരിക്കൽ വീട്ടിൽ ആനന്ദ് - സുജ ദമ്പതികളുടെ മകൻ അഭിരാമിനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
എങ്കക്കാട് എസ്പിസി ക്ലബ്ബിന്റെ ഫുട്ബോൾ താരമായിരുന്നു അഭിരാം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സഹോദരി: പവിത്ര.
International
റബാത്ത്: മൊറോക്കോയിലെ സാഫി പ്രവിശ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ 37 പേർ മരിച്ചു. ഞായറാഴ്ച കനത്ത മഴയെത്തുടർന്നാണു ദുരന്തമുണ്ടായത്.
ഒട്ടേറെ വീടുകളും കടകളും വെള്ളത്തിൽ മുങ്ങി. കാറുകൾ ഒഴുകിപ്പോയി. 14 പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും ചിലരുടെ നില ഗുരുതരമാണെന്നും മൊറോക്കൻ അധികൃതർ അറിയിച്ചു.
ഏഴു വർഷം വരൾച്ച നേരിട്ട മൊറോക്കോയുടെ ചില ഭാഗങ്ങളിൽ ഇക്കുറി കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ്.
National
കോർബ: ആക്രിക്കച്ചവടക്കാരനുൾപ്പെടെ മൂന്നുപേരെ ഫാം ഹൗസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുദ്രി ഗ്രാമത്തിലാണു സംഭവം.
കേസിൽ മന്ത്രവാദി ഉൾപ്പെടെ ബിലാസ്പുർ സ്വദേശികളായ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഫാം ഹൗസിൽ ദുർമന്ത്രവാദ ക്രിയകൾക്കിടെ മൂവരെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കണ്ണൂർ: നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ പെരിങ്ങോം വെള്ളോറയിലുണ്ടായ സംഭവത്തിൽ എടക്കോം സ്വദേശി സിജോയാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷൈനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നിയെ പിടിക്കുന്നതിനിടെ സിജോയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് ഷൈൻ മൊഴി നൽകി.
റബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർഥിക്കുന്നതായും പറഞ്ഞു.
സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്സിൽ കുറിച്ചു. ദുരിതബാധിതർക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും മോദി വ്യക്തമാക്കി.
സ്ഫോടന വാർത്ത അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിരപരാധികളുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പം നിലകൊള്ളുന്നതായും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഡൽഹിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാകുന്ന അത്തരം ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. എൽഎൻജെപി ആശുപത്രിയിലെത്തിയാണ് അമിത് ഷാ പരിക്കേറ്റവരെ കണ്ടത്ത്. ഉന്നത ഉദ്യോഗസ്ഥരും അമിത് ഷായ്ക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്തു. സ്ഫോടനസ്ഥലവും അമിത് ഷാ സന്ദർശിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുമായി അമിത് ഷാ ചർച്ചകൾ നടത്തിയിരുന്നു.
അതേസമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് എൽഎൻജെപി ആശുപത്രി അധികൃതർ അറിയിച്ചു.
District News
കോതമംഗലം: കോളജ് ഹോസ്റ്റലിനുള്ളിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി മാങ്കുളം മലനിരപ്പേൽ ഹരിയുടെയും സിജിയുടെയും മകൾ നന്ദന(19)യെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്റ്റഡി ലീവ് ആയതിനാൽ കൂടെയുള്ള കുട്ടികൾ വീട്ടിൽ പോയിരിക്കുകയായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സഹോദരൻ: നന്ദൻ.
Kerala
വൈക്കം: പ്ലസ് ടു വിദ്യാർഥിനിയെ മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പോളശേരി പാർഥശേരി പ്രതാപന്റെ മകൾ പി. പൂജയെ (17) ആണ് മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. അക്കരപ്പാടം പാലത്തിൽനിന്നു മൂവാറ്റുപുഴയാറ്റിലേക്കു കുട്ടി ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണു സംഭവം. 9.30 മുതൽ സ്കൂൾ യൂണിഫോമിൽ പൂജ അക്കരപ്പാടം പാലത്തിൽ ഫോൺ ചെയ്തുകൊണ്ടു നടക്കുന്നതു കണ്ടെന്നു നാട്ടുകാർ പറഞ്ഞു.
വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽ നിന്നു സ്കൂബ ടീം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
National
ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 28 പേർ മരിച്ചതായി റിപ്പോർട്ട്. മൂന്ന് കുട്ടികളും പത്ത് സ്ത്രീകളും ഉൾപ്പെടെയാണ് മരിച്ചത്.
കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം.
നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളെ എൻഐസിയുവിലേക്ക് മാറ്റി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് മെഡിക്കൾ സൂപ്രണ്ട് അറിയിച്ചു.
അപകടത്തെ തുടർന്നു ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരും എഡിജിപിയും സ്ഥലത്തേയ്ക്ക് തിരിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിലും ഞായറാഴ്ച സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം തിക്കും തിരക്കും അനുഭവപ്പെട്ടതോടെ വിജയ് പ്രസംഗം പൂർത്തിയാക്കാതെ മടങ്ങിയിരുന്നു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ്വേ തകർന്ന് ആറ് പേർ മരിച്ചു. പാവഗഡിലെ കുന്നിൻ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോപ്പ്വേ ട്രോളിയാണ് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് തകർന്നു വീണത്.
പാവ്ഗഡിലെ പ്രശസ്തമായ ശക്തിപീഢത്തിലാണ് അപകടമുണ്ടായത്. ആറ് പേർ അപകടത്തിൽ മരിച്ചുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം നടത്തി.
കാബിനുള്ളിൽ ഉണ്ടായിരുന്ന അഞ്ച് പേരും അപകടസ്ഥലത്തുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കാളികാ മാതാ ക്ഷേത്രത്തിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിനായി പ്രദേശത്ത് പാസഞ്ചർ റോപ്പ്വേ ഉണ്ട്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് പാസഞ്ചർ ട്രോളി അടച്ചിട്ടിരുന്നു.